Clash 2016 #IFFK2016

ക്ലാഷ് – 2016 #IFFK2016 (ഈജിപ്ഷ്യൻ മൂവി – ഇന്റർനാഷണൽ കോമ്പറ്റിഷൻ)
എല്ലാ തവണയും IFFK യിൽ പറ്റുന്നയത്രയും കോമ്പറ്റിഷൻ സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട്.
ഇത്തവണ വളരെ യാഥാർത്ഥികമായ ചിത്രീകരണവും അതോടൊപ്പം ചിന്തിപ്പിക്കുന്നതുമായ ഒരു ചിത്രത്തിലായിരുന്നു തുടക്കം.
കെയ്‌റോ 2013 : മുപ്പത് വർഷം നീണ്ടു നിന്ന ഏകാധിപത്യപരമായ പ്രെസിഡെൻഷ്യൽ ഭരണം 2011 – ൽ ജനാധിപത്യപ്രക്ഷോഭം അവസാനിപ്പിക്കുന്നു. അതിനു ശേഷം ഭരണത്തിൽ വന്ന മുസ്ലിം ബ്രദർഹൂഡ് വക്താവായ പ്രസിഡന്റിനെ സൈന്യം പുറത്താക്കുന്നു.
ഇതേ തുടർന്ന് ഈജിപ്തിൽ ഉണ്ടായ അസ്ഥിരവും-കലാപകലുഷിതവുമായ ആഭ്യന്തര പ്രശ്നങ്ങൾക്കിടയ്ക്കാണ് നമ്മുടെ കഥ നടക്കുന്നത്.
അക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ വന്ന രണ്ടു മാധ്യമപ്രവർത്തകർ സൈനികരുടെ പിടിയിലാവുന്നു. അമേരിക്കൻ ആണെന്ന് റിപ്പോർട്ടേഴ്‌സ് ആണെന്നുമൊക്കെയുള്ള അവരുടെ വാദം ചെവിക്കൊള്ളാതെ, തിരിച്ചറിയൽ രേഖകളും ക്യാമറയും കൈക്കലാക്കിയ ശേഷം സൈനികർ മാധ്യമപ്രവർത്തകരെ ഒരു കവചിത വാഹനത്തിൽ ബന്ധിതരാക്കുന്നു.
സൈന്യത്തിന് ജയ് വിളിച്ചു നടന്നു പോകുന്ന ജനക്കൂട്ടത്തോട്അവർ സഹായം അഭ്യർത്ഥിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കല്ലേറായിരുന്നു ഫലം.
സൈന്യത്തിന് സപ്പോർട്ട് ചെയ്തവരെയും – മുസ്ലിം ബ്രദർഹുഡിനെ സപ്പോർട്ട് ചെയ്തവരെയും എല്ലാം പലപ്പോഴായി ഒരേ കവചിത വാഹനത്തിൽ സൈനികർ അടച്ചിടുന്നു.
കല്ലേറും, വെടിവയ്പ്പും, തീവയ്പ്പും അരങ്ങേറുന്ന നഗരത്തിലൂടെ നമ്മുടെ തടവുകാരെയും കൊണ്ട് ആ ചെറിയ വാൻ ഇങ്ങനെ സഞ്ചരിക്കുകയാണ്!
സ്ത്രീകളും, കുട്ടികളും, യുവാക്കളും, മകനെ അന്വേഷിച്ചിറങ്ങിയ വൃദ്ധന്മാരും, പിതാവിനെ തിരയുന്ന പുത്രന്മാരും, തീവ്ര മുസ്ലിം ബ്രദർഹുഡ് അനുഭാവികളും, മാധ്യമപ്രവർത്തകരും ഇങ്ങനെ എല്ലാ തരത്തിലുള്ള ആളുകളും ഈ കൂട്ടത്തിലുണ്ട്.
സൈന്യത്തെ അനുകൂലിക്കുന്നവരും, പുറത്താക്കപ്പെട്ട പ്രെസിഡന്റിനെ അനുകൂലിക്കുന്നവരും ആദ്യം പരസ്പരം തല്ലു കൂടുന്നു; പിന്നെ പല പല ചേരികൾ തിരിയുന്നു.
പക്ഷേ, പലപ്പോഴും മരണസമാനമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്ന ഇവർ ഒന്നിച്ചു നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കാണേണ്ടി വരുന്നത്. കഠിനമായ ചൂടിലും , വെടിയൊച്ചകൾക്കിടയിലും അവർ പരസ്പരം പരിചയപ്പെടുന്നു, പാട്ടുകൾ പാടുന്നു, സാന്ത്വനിപ്പിക്കുന്നു, ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നു;
നിഷ്കളങ്കമായ അവരുടെ ചില സംഭാഷണങ്ങൾ ആരിലും ചിരിയുണർത്തും.
പ്രകൃതിയുടെ വിളിയുടെ കാഠിന്യത്താൽ മുഖം പൊത്തി കരയുന്ന ഒരു പെൺകുട്ടിക്ക് വേണ്ടി എല്ലാവരും ആ ചെറിയ വാനിൽ മുഖം തിരിച്ചു നിൽക്കുന്ന രംഗങ്ങൾ കാണികളുടെ മനസ്സിൽ ഒരിറ്റു വേദനയുണർത്തും.
അല്പം മുൻപ് വരെ പരസ്പരം തല്ലിക്കൊല്ലാൻ മുറവിളി കൂട്ടിയവരാണെങ്കിലും മറ്റൊരു മനുഷ്യജീവിക്കു വേണ്ടി അവർ ഒരുമിച്ചു നിൽക്കാൻ തയ്യാറാവുന്നു. കുറച്ചു നേരത്തേക്കെങ്കിലും അവരുടെ വിശ്വാസങ്ങളും വാദങ്ങളും ഒക്കെ മാറ്റി വയ്ക്കുന്നു.
അത് തന്നെയല്ലേ ശെരിക്കും മനുഷ്യത്വം എന്ന് പറയുന്നത്?
ഈ രംഗങ്ങളെല്ലാം ആദ്യം തടവിലായ റിപ്പോർട്ടർ അദ്ദേഹത്തിന്റെ വാച്ചിൽ ഉള്ള രഹസ്യ ക്യാമെറയിൽ പകർത്തിയെടുക്കുന്നുണ്ട്. അത് പുറംലോകത്തെത്തിക്കണമെന്നും ഒരുപാട് ആൾക്കാരെ അത് വഴി സ്വാധീനിക്കാനാവുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
പലപ്പോഴും സൈനികർ ഇവരെ സഹായിക്കാൻ തയ്യാറാവുന്നു. എന്നാൽ അവരുടെ കടമ ഉപേക്ഷിച്ചു അത് ചെയ്യാനും അവർക്കു സാധിക്കുന്നില്ല.
ഒരു സംഘർഷ പ്രദേശത്തു നിന്നും ഒടുവിൽ ഒരു ബ്രദർഹുഡ് അനുഭാവി ആ വാൻ മോഷ്ടിച്ച് ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുന്നു.
ആ ഒരു നിമിഷം എല്ലാവരും രക്ഷപ്പെട്ടു എന്ന് കരുതി സമാധാനിക്കുന്നു.
വാനിൽ അകപ്പെട്ട സൈനികൻ എല്ലാവരുടെയും തിരിച്ചറിയൽ കാർഡുകൾ മടക്കി കൊടുക്കുന്നു.
ഓരോരുത്തരും ആശ്വാസത്തോടെ പുറത്തിറങ്ങിയിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് തീരുമാനിക്കുന്നു.
ഏവരും മരണത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് കാണികൾ കരുതിയ നിമിഷം!
പക്ഷെ കവചിത വാഹനത്തിന്റെ പൂട്ട് തകർക്കാൻ അവർ ശ്രമിക്കുന്നുവെങ്കിലും അതിനു സാധിക്കുന്നില്ല.
തടവിലാക്കപ്പെട്ട മുസ്ലിം ബ്രദർഹുഡ് അനുഭാവിയുടെ നിർദ്ദേശപ്രകാരം, മറ്റു അനുഭാവികൾ നടത്തുന്ന ജാഥയോ പ്രകടനമോ കണ്ടുപിടിച്ചു അവർക്കരികിലേക്കു സഹായത്തിനു പോകാൻ തീരുമാനിക്കുന്നു. ബാക്കിയുള്ള തടവുകാർ അതിനെ എതിർക്കുന്നു. കാരണം, പ്രസിഡന്റ് അനുഭാവികളുടെ അടുത്തേക്ക് വാനും കൊണ്ടു പോയാൽ അവർ തങ്ങളെ കൊല്ലുമെന്ന് സൈന്യത്തെ അനുകൂലിക്കുന്നവർക്കുറപ്പായിരുന്നു.
വീണ്ടും അവിടെ തർക്കം ഉടലെടുക്കുന്നു. ഇതിനിടയിൽ സൈന്യത്തെ അനുകൂലിച്ചു പ്രകടനം നടത്തുന്ന ഒരു വലിയ ജനക്കൂട്ടത്തിനു മുന്നിൽ വാൻ ചെന്നു പെടുന്നു. അവർ നിർദാക്ഷിണ്യം ആക്രമണം അഴിച്ചു വിടുന്നു.
ജനക്കൂട്ടത്തിന്റെ കണ്ണിൽ വാനിൽ ഉള്ളവർ എല്ലാം പുറത്താക്കപ്പെട്ട പ്രെസിഡന്റിനെ അനുകൂലിക്കുന്ന മുസ്ലിം ബ്രദർഹുഡ് അനുഭാവികളാണ്.
ജീവൻ രക്ഷിക്കാനായി തടവുകാർ മുസ്ലിം ബ്രദർഹൂഡിനും പിന്നീട് സൈന്യത്തിനും സ്തുതി പാടുന്നു. ഉറക്കെ ജയ് വിളിക്കുന്നു. കൂട്ടത്തിൽ മുതിർന്ന തടവുകാർ “ജീവന് വേണ്ടി ഉറക്കെ പാടു” എന്ന് ആക്രോശിക്കുന്നു.
പക്ഷേ അലറിയടുക്കുന്ന ജനക്കൂട്ടത്തിനു മുന്നിൽ തടവുകാരുടെ അലമുറകളും യാചനകളുമെല്ലാം മുങ്ങിപ്പോവുന്നു. കവചിതവാഹനത്തിന്റെ വാതിൽ തകർത്തു ഓരോ തടവുകാരെയായി ഭ്രാന്ത് പിടിച്ച ജനക്കൂട്ടം വലിച്ചിഴച്ചു കൊണ്ട് പോകുന്നിടത്തു സിനിമ അവസാനിക്കുന്നു,
നാമെല്ലാവരും ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു നടക്കുന്നവരാണ്. പക്ഷെ ഇത്തരം ചിത്രങ്ങൾ നമ്മെ പലപ്പോഴും ചിന്തിപ്പിക്കുന്നു.
‘മനുഷ്യർ’ എന്ന ചിന്തയും, ‘മനുഷ്യത്വം’ എന്ന വികാരവും നമുക്ക് എക്കാലവും ഉയർത്തിപ്പിടിക്കാൻ സാധിക്കട്ടെ! അതില്ലാതാവുന്നിടത്തു നാമില്ലാതാവുന്നു.
Published in : http://www.ananthapuri.online/node/1329

Leave a Reply

Your email address will not be published. Required fields are marked *