Blue whale internet game – Myths and the truth

ബ്ലൂ വെയിൽ ഇന്റർനെറ്റ് ഗെയിം – സത്യവും തെറ്റിദ്ധാരണകളും – ജനം ടിവിയിൽ എഴുതിയത്
http://www.janamtv.com/80063890/#.WY3lzVFLepo
ബ്ലൂ വെയിൽ എന്ന ഇന്റർനെറ്റ് ഗെയിമിനെ കുറിച്ചും മറ്റും ഒരുപാട് തെറ്റിദ്ധാരണ പരത്തുന്ന മെസ്സേജുകളും, ഫേസ്ബുക് പോസ്റ്റുകളും , ഓൺലൈൻ മീഡിയ നിറം ചേർത്ത് പുറത്തിറക്കുന്ന വാർത്തകളും കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. അത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതുന്നത്.
ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ; ബ്ലൂ വെയിൽ എന്ന് പറയുന്നത് ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ അധിഷ്‌ഠിതമായ ഗെയിം അല്ല! ഇത് ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ നിന്നോ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലും നിന്നോ ഡൌൺലോഡ് ചെയ്തു കളിക്കാൻ സാധിക്കുന്ന ഒന്നല്ല!
മറ്റു ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പോലെ ഇതൊരു വൈറസോ അല്ലെങ്കിൽ മാൽവെയറോ അല്ല!
വളരെ ലളിതമായി പറയാം;
നമ്മൾ പലപ്പോഴും നമ്മളുടെ ഫ്രണ്ട്സിൽ പലരുടെയും ഫേസ്ബുക്ക് പ്രൊഫൈലിലും മറ്റും പല തരത്തിലുള്ള ചലഞ്ചസും കാണാറില്ലേ?
ഉദാഹരണമായി പറഞ്ഞാൽ , ഒരാൾ ഒരു ചോദ്യം അയാളുടെ ഫേസ്ബുക് വാളിൽ പോസ്റ്റ് ചെയ്യുന്നു. അതിനു ഉത്തരം അറിയാത്തവർ അയാളുടെ ഫേസ്ബുക് പ്രൊഫൈൽ ചിത്രം മാറ്റി പകരം ഏതെങ്കിലും ജീവിയുടേതോ മറ്റോ വിരൂപമായ ഫോട്ടോ ആക്കേണ്ടി വരും. ആ ചോദ്യങ്ങൾ ഇവർ തങ്ങളുടെ ഫ്രണ്ട്സിനോട് ചോദിക്കേണ്ടിയും വരും.
ഈയിടയ്ക്ക് പ്രചാരത്തിലായ വേറെ ഒരു ചലഞ്ചിങ്ങനെയാണ്. നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയോ പ്രൊഫൈൽ പിക്ചർ ആയോ സെറ്റ് ചെയ്യണം. മറ്റുള്ളവരോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയും വേണം.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ, പലർക്കും മനസിലാവും. സെലിബ്രിറ്റികൾ വരെ ഏറ്റെടുത്ത “ഐസ് ബക്കറ്റ് ചെല്ലെങ്ങെ . ഒരു ബക്കറ്റ് ഐസ് വാട്ടർ തലയിലൂടെ കമിഴ്ത്തുന്ന വീഡിയോസ് എടുത്തു ഷെയർ ചെയ്യുകയും മറ്റുള്ളവരെ അത് ചെയ്യാൻ വെല്ലുവിളിക്കുകയും വേണം.
ഇത്തരത്തിലുള്ള പല തരം #tags, challenges (വെല്ലുവിളികൾ) നിങ്ങളുടെയൊക്കെ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ പോസ്റ്റുകളിൽ പലപ്പോഴും കാണാറില്ലേ?
ഇതൊക്കെ പോലെയുള്ള, എന്നാൽ വളരെ അപകടകരവുമായ ഒരു കൂട്ടം ചോദ്യങ്ങളുടെയും ചെയ്തികളുടെയും സമാഹാരമാണ് നമ്മുടെ ബ്ലൂ വെയിൽ എന്ന് പറയുന്നത്.
പല സോഷ്യൽ നെറ്റ് വർക്കിംഗ് അപ്ലിക്കേഷൻസ്, ഇന്റർനെറ്റ് ഫോറംസ്, മെസ്സേജിങ് സർവീസെസ് എന്നിവയിലൂടെ ചില പ്രത്യേക #tags വഴിയാണ് ബ്ലൂ വെയിൽ സ്പ്രെഡ് ആവുന്നതും തങ്ങളുടെ ഇരകളെ കണ്ടു പിടിക്കുകയും ചെയ്യുന്നത്. കൂടുതലും കൗമാരപ്രായക്കാരാവും ഇതിനു പെട്ടെന്ന് ഇരയാവുക എന്നാണ് പൊതുവെയുള്ള കണ്ടു പിടിത്തം.
ഇത്തരം നിരൂപദ്രവകരമായ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് വഴി, മറ്റുള്ളവർക്കിടയിൽ സ്വീകാര്യനാവാം, അവരുടെ ശ്രദ്ധ പിടിച്ചു പറ്റാം എന്നുള്ള ചെറുപ്പക്കാരുടെ അഭിവാജ്ഞയാവാം ഇങ്ങനെയുള്ള ഫോർവേഡ് മെസ്സേജുകൾ കിട്ടുമ്പോൾ തന്നെ അതു ചെയ്യാനുള്ള അവരുടെ തിടുക്കത്തിനു കാരണം.
ഫേസ്ബുക് ഗ്രൂപ്പുകളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കിൽ ഒരു ഗ്രൂപ്പ് അഡ്മിൻ ആവും ഇത് നിയന്ത്രിക്കുന്നത്. എല്ലാ മെംബേർസിനും ദിവസേനയുള്ള ടാസ്കുകൾ നൽകുകയാണ് ഇയാളുടെ ജോലി. ഇത് ഫേസ്ബുക് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ആദ്യം നിസ്സാരമായ കാര്യങ്ങളാവും ഓരോ ദിവസവും ചെയ്യാൻ ആവശ്യപ്പെടുന്നത്. അങ്ങനെ 50 ദിവസം നീണ്ടു നിൽക്കും. ഓരോ ദിവസം കഴിയുന്തോറും ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങളുടെ കാഠിന്യവും വർധിക്കും. I am a whale ടാഗ്സ് ഉപയോഗിക്കുക, സ്റ്റാറ്റസ് മാറ്റുക, അർദ്ധരാത്രിയിൽ ഉണർന്നിരിക്കുക, അങ്ങനെ തുടങ്ങി ശരീരത്തിൽ മുറിവേല്പിക്കുക, ഭീതിദമായ വീഡിയോസ് കാണുക അങ്ങനെ അങ്ങനെ പോകുന്നു ഓരോ ദിവസത്തെയും ചെയ്തികൾ. അവസാനം ആത്മഹത്യാ നിർദേശവും!
വളരെ ബലഹീനമായ മാനസിക സ്ഥിതി ഉള്ളവരെയാണ് ഇതൊക്കെ അപകടകരമായി ബാധിക്കുന്നത് എന്നു വേണം മനസിലാക്കാൻ.
റഷ്യയിലാണ് ബ്ലൂ വെയിൽ ആദ്യമായി പ്രചാരത്തിലായതെന്നു കരുതപ്പെടുന്നു. ഇതിന്റെ തുടക്കക്കാരൻ എന്നറിയപ്പെടുന്ന ഫിലിപ്പ് ബുഡൈകിൻ എന്ന സൈക്കോളോജി വിദ്യാർഥിയെ ആത്മഹത്യാ പ്രേരണകുറ്റത്തിന് റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ നെറ്റവർക്കിങ് ആപ്ലിക്കേഷൻസ് ബ്ലൂ വെയിൽ ഉപയോഗിക്കുന്ന ടാഗ്സ് നിയന്ത്രിക്കുന്നതിനു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ #bluewhalechallenge എന്ന് പരതി നോക്കിയാൽ ഒരു അറിയിപ്പ് പ്രകടമാകും.
എന്തും കണ്ണടച്ചു അനുകരിക്കുന്ന പ്രവണത ഒഴിവാക്കുക. ഇതിൽ നിന്നും പിന്തിരിയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം കൂട്ടുകാരെയോ രക്ഷിതാക്കളെയോ വിവരമറിയിക്കുക.
നിങ്ങളുടെ കൂട്ടുകാരോ, അറിയാവുന്നവരോ, ഇങ്ങനെയുള്ള പ്രവണതകൾ കാണിക്കുന്നു എന്നുണ്ടെങ്കിൽ ഇടപെടാൻ മടിക്കരുത്.
ആവശ്യമുള്ളവർക്ക് ഉപദേശവും, ശ്രദ്ധയും നൽകാൻ കേരളാ പോലീസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഓർക്കുക, നമ്മുടെയെല്ലാം ജീവിതം വളരെ വിലയേറിയതാണ്. ബാലിശമായ ചെയ്തികളിലൂടെയോ കളികളിലൂടെയോ അതില്ലാതാക്കാതിരിക്കുക.