Google Chat application – Allo

ഇതാ ഗൂഗിളിന്റെ പുതിയ ചാറ്റിങ്ങ് ആപ്ലിക്കേഷൻ വരുന്നു. അലോ എന്നാണു ഗൂഗിൾ ഇവന് പേരിട്ടിരിക്കുന്നത്. മറ്റുള്ള ഇൻസ്റ്റന്റ് മെസ്സേജിങ്ങ് അപ്ലിക്കേഷൻസിൽ ഉള്ള എല്ലാ സംവിധാനങ്ങളും “അലോ” യിലും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. സാധാരണ ഇൻസ്റ്റന്റ് മെസ്സേജിംഗ് അപ്ലിക്കേഷൻസ് പോലെ ഫോൺ നമ്പറും ഗൂഗിൾ അക്കൗണ്ടും ഉപയോഗിച്ച് “അലോ” ഇൻസ്റ്റോൾ ചെയ്തു ഉപയോഗിച്ച് തുടങ്ങാം. റീഡ്/സെന്റ് ഇൻഡികേറ്റെർസ്, ഇമോജിസ് , പിന്നെ ഗൂഗിളിന്റെ സ്വന്തം സ്റ്റിക്കേർസ് ഇങ്ങനെയുള്ള ഓപ്ഷൻസ് നിങ്ങള്ക്ക് കാണാൻ സാധിക്കും. “അലോ”യ്ക്ക് വേണ്ടി വ്യത്യസ്ഥമാർന്ന സ്റ്റിക്കെർസ് ആണ് ഗൂഗിൾ അണിയറയിൽ ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ കൂട്ടുകാരനോ കൂട്ടുകാരിക്കോ “അലോ” വഴി ഒരു ചിത്രം അയച്ചു കൊടുക്കുമ്പോൾ തന്നെ, അതിൽ നമുക്കിഷ്ടമുള്ള അക്ഷരങ്ങളോ ചിത്രങ്ങളോ വരച്ചു ചേർക്കാനുള്ള സംവിധാനവും അലോ നല്കുന്നുണ്ട്. പക്ഷെ ഇതൊന്നുമല്ല ഇവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്. “ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അഥവാ മെഷീൻ നിർമ്മിത ബുദ്ധി” എന്ന ശക്തിയേറിയ ടെക്നോളജിയാണ് ഈ അപ്ലിക്കേഷന്റെ നട്ടെല്ല്. ഗൂഗിൾ അസിസ്റ്റന്റ് എന്ന സാങ്കേതിക വിദ്യയാണ് ഇത് നടപ്പിലാക്കാൻ സഹായിക്കുന്നത്. നമ്മുടെ സംഭാഷണങ്ങളിൽ പലയിടത്തും ഗൂഗിൾ അസിസ്റ്റന്റിനെ ഉപയോഗിക്കാൻ സാധിക്കും.

സെർച്ച് ചെയ്യുക, യു ട്യൂബ് വീഡിയോസ് ഉൾപ്പെടുത്തുക, സംഭാഷണങ്ങൾ തർജമ ചെയ്യുക എന്നുള്ള പല കാര്യങ്ങളും അലോ വഴി ചെയ്യാൻ സാധിക്കും. end – to – end Encryption ടെക്നോളജി ഉപയോഗിച്ച് വളരെ സുരക്ഷിതമായും , നിശ്ചിത സമയം കഴിഞ്ഞു സ്വയം നശിക്കുന്നതുമായ സന്ദേശങ്ങൾ അയക്കാൻ സാധിക്കും എന്നതും മറ്റൊരു സവിശേഷതയാണ്.
എന്തിനേറെ പറയുന്നു, ചില സന്ദർഭങ്ങളിൽ നമുക്ക് വരുന്ന മെസ്സേജെസ് പരിശോധിച്ച് അതിനനുസൃതമായ മറുപടികൾ നിർദേശിക്കാനും അയക്കാനും വരെ “അലോ” യ്ക്ക് കഴിയും എന്നാണ് ഗൂഗിളിന്റെ ഭാഷ്യം. മടിയന്മാരുടെ പണി കുറയുമെന്ന് സാരം! സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും “അലോ” എന്നു പുറത്തു വരുമെന്നുള്ള കൃത്യമായ ഒരു സമയം ഗൂഗിൾ ഇത് വരെ അറിയിച്ചിട്ടില്ല. ഉടനെ തന്നെയുണ്ടാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

പിൻകുറിപ്പ്: ഗൂഗിൾ പ്ലേസ്റ്റോറിൽ “Allo” എന്ന് സെർച്ച് ചെയ്യുകയാണെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. മാത്രമല്ല അലോ ഔദ്യോഗികമായി പുറത്തു വരുന്ന സമയത്ത് അറിയിപ്പ് കിട്ടാനുള്ള സൌകര്യവും ഇവിടെയുണ്ട്.

Published in Ananthapuri Online
http://ananthapuri.online/node/485