The ghost of Gata loops

ഗതാ ലൂപ്സിലെ പ്രേതം!!
In search of Nirvana : day 15 : September 16 – 2016
അവസാനം ഗതാ ലൂപ്സ് എത്തി എന്നുള്ള ബോർഡ് കണ്ടു. പേടിപ്പിക്കുന്ന ഒരുപാട് കഥകൾ ഈ സ്ഥലത്തിനെ പറ്റി കേട്ടിട്ടുണ്ട്.  ദുരൂഹതയും അതിശയോക്തിയും നിറഞ്ഞ ഒരുപാട് കഥകൾ!
നകീല പാസിൽ നിന്നും സാർച്ചുവിലേക്ക് പോകുന്ന വഴിക്കാണ് കുപ്രസിദ്ധമായ ഗതാ ലൂപ്സ് ! 21 കൊടും വളവുകളും മോശമായ റോഡും, അതിലും മോശമായ ക്ലൈമറ്റും ഉള്ള സ്ഥലമാണ് ഇത്.

അവിടെ എത്തിയപ്പോഴേ ഞാൻ സഹ റൈഡർ  അഞ്ജിത്തിനോട് പറഞ്ഞു,
“ഡെയ് ഇതാണ് ഗതാ ലൂപ്സ്. കലിപ്പ് പ്രേതം ഒക്കെ ഉള്ള സ്ഥലം ആണ്. നമുക്ക് മര്യാദയ്ക്ക് പതുക്കെ പോയാൽ മതി.
നിൻറെ കയ്യിൽ പൊട്ടിക്കാത്ത വെള്ളക്കുപ്പി ഉണ്ടോ?”
“ഇല്ല” എന്ന് അഞ്ജിത്തിന്റെ മറുപടി!.
വരുന്നത് വരട്ടെ എന്ന് കരുതി നമ്മൾ മുന്നോട്ടു നീങ്ങി.
ഇനി കഥയിലേക്ക് വരാം. ശെരിക്കും ഉള്ളതാണോ അതോ കെട്ടു കഥയാണോ എന്നൊന്നും എനിക്ക് കൃത്യമായി അറിയില്ല. പലയിടത്തു നിന്നും വായിച്ചതും കേട്ടതുമായ അറിവേ ഉള്ളു. അതിലൊന്നാണ് താഴെ എഴുതുന്നത്.
ഒരിക്കൽ ഒരു ട്രക്ക് ഡ്രൈവറും സഹായിയും ഗതാ ലൂപ്സ് എത്തിയപ്പോൾ ട്രക്ക് എൻജിൻ തകരാറു കാരണം വഴിയിൽ ആയി. കനത്ത മഞ്ഞുവീഴുന്ന കാരണം ഒരാളു പോലും അതിലേ സാധാരണ വരാറില്ല.
കുറെ സമയം ട്രക്ക് റിപ്പയർ ചെയ്യാൻ നോക്കി പരാജയപ്പെട്ട ഡ്രൈവർ, അവസാനം അടുത്ത ഗ്രാമം വരെ സഹായം തേടി പോകാൻ തീരുമാനിച്ചു. നമ്മുടെ ക്ലീനറിനെ അവിടെ ലോറി കാവലിനും നിർത്തി.
പക്ഷെ കടുത്ത മഞ്ഞു വീഴ്ചയും പിന്നെ സഹായം കിട്ടാൻ വൈകിയതും കാരണം ഡ്രൈവർ തിരിച്ചു വരാൻ ഒരുപാട് നാളുകൾ കഴിഞ്ഞു.
പുള്ളി തിരിച്ചു വന്നപ്പോഴേക്കും നമ്മുടെ ക്ലീനർ മരിച്ചിരുന്നു.
വെറുതെ അങ്ങ് മരിച്ചതല്ല!
വിശപ്പും ദാഹവും പിന്നെ കൊടിയ തണുപ്പും കാരണം വളരെ കഷ്ടപ്പെട്ട് ദാരുണമായി നരകിച്ചു നരകിച്ചു ഒരു മരണം!
ലോറിയും ഉപേക്ഷിച്ചു നമ്മുടെ ഡ്രൈവർ മടങ്ങിപ്പോയി!!
കുറെ നാളുകൾക്കു ശേഷം അതിലേ പോകുന്ന യാത്രക്കാർ ഒരു യാചകനെ കാണാൻ തുടങ്ങി.
രാത്രി വൈകിയും, ഒറ്റയ്ക്കും പോകുന്ന വാഹനങ്ങളെ ക്ഷീണിച്ചവശനായ ഒരാൾ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെടും. ആരെങ്കിലും നിർത്തിയാൽ അവരോടു കുടിക്കാൻ അല്പം വെള്ളം ആവശ്യപ്പെടും.
വെള്ളം കൊടുത്താലോ അത് അയാളുടെ കയ്യിൽ നിൽക്കാതെ ഊർന്നു താഴെ പോവുകയും ചെയ്യും!
വാർത്ത പരന്നു! ഗതാ ലൂപ്‌സിലെ കൊടും വളവുകളിൽ നടക്കുന്ന അപകടങ്ങളുടെ എണ്ണം കൂടി!
അവസാനം കുറച്ചു പേർ അവിടെ കുറച്ചു കല്ലൊക്കെ കൂട്ടി വെച്ച് ചെറിയൊരു അമ്പലം ഉണ്ടാക്കി.
അത് വഴി പോകുന്നവർ എല്ലാം അവിടെ പൊട്ടിക്കാത്ത വെള്ളക്കുപ്പികൾ കാണിയ്ക്ക വയ്ക്കാൻ തുടങ്ങി.
വാട്ടർ ബോട്ടിൽസ് കാണിക്ക വയ്ക്കാത്തവർക്കൊക്കെ അപകടങ്ങൾ ഉണ്ടായി! അഥവാ അങ്ങനെ കഥകൾ ഉണ്ടാക്കപ്പെട്ടു!
ആ കൊടും വളവുകളിൽ അപകടങ്ങൾ നടന്നാലും ഇല്ലെങ്കിലും ആ പ്രേതത്തിന്റെ കഥ വലിച്ചിഴയ്ക്കപ്പെട്ടു!
ഇതാണ് നമ്മുടെ കഥ!!
കഴിഞ്ഞ ദിവസങ്ങളിൽ ഇതിനേക്കാൾ അപകടകരമായ റോഡിൽ കൂടി ബൈക്ക് ഓടിച്ചിട്ടുണ്ടെങ്കിലും പ്രേതം ഉള്ള റോഡിൽ കൂടെ ആദ്യമായാണ്! ഈ കഥ കേട്ടിട്ടില്ലെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഇനിയെങ്ങാനും തെന്നി വീണാൽ പ്രേതം ചെയ്തതാണെന്ന് വരും;
നമ്മുടെ കയ്യിലാണേൽ കാണിക്ക വയ്ക്കാൻ പൊട്ടിക്കാത്ത വെള്ളക്കുപ്പിയും ഇല്ല. ആകെ ഹൈഡ്രേഷൻ ബാക്ക്പാക്ക് മാത്രമേ  ഉള്ളൂ.
അങ്ങനെ ഞങ്ങൾ രണ്ടു പേരും വളരെ സാവധാനം താഴേയ്ക്ക് വണ്ടിയോടിക്കാൻ തുടങ്ങി. ഓരോ വളവിലും അപകടത്തിലായ ട്രക്കും പ്രേതത്തിനു വേണ്ടിയുണ്ടാക്കിയ ചെറിയ അമ്പലവും ഞാൻ നോക്കുന്നുണ്ടായിരുന്നു!
റോഡിൻറെ അവസ്ഥ വളരെ പരിതാപകരം. ചെളിയും പാറകളും, പിന്നെ കുഴികളും.
എങ്ങാനും വണ്ടിയൊന്നു പാളിയാലോ, താഴെയുള്ള കൊക്കയിൽ വീണു പപ്പടമാവും!
പേടി കൊണ്ടാണോ അതോ ശ്രദ്ധിക്കാത്തത് കൊണ്ടോ, എന്തോ ഞങ്ങൾക്ക് അമ്പലമോ വെള്ളക്കുപ്പി നിക്ഷേപിക്കുന്ന സ്ഥലമോ കാണാൻ കഴിഞ്ഞില്ല!
അങ്ങനെ അവസാനത്തെ ലൂപും കഴിഞ്ഞു സാർച്ചുവിലേക്കുള്ള റോഡിൽ പ്രവേശിച്ചു
സുരക്ഷിതമായി ഒരിടത്തു വെള്ളം കുടിക്കാൻ നിർത്തിയപ്പോൾ അഞ്ജിത്തിന്റെ വക ചോദ്യം,
“ഇതാണോ ചേട്ടൻ പറഞ്ഞ പ്രേതം ഉള്ള ആ കലിപ്പ് സ്ഥലം?
വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിച്ചോളും!!”
പ്രേതം വെള്ളം കുടിക്കാൻ ചോദിക്കാത്ത സങ്കടമാണോ അതോ ഒരു കുഴപ്പവും ഇല്ലാതെ ആ സ്ഥലം കടന്നു കിട്ടിയ സന്തോഷമാണോ എന്നൊന്നും മനസ്സിലാവാത്ത രീതിയിൽ ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു!!!
ഓരോരുത്തന്മാർ മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഓരോരോ ഊള കഥകളെ..
ഗതാ ലൂപ്സിൽ പ്രേതം വെറുതെ വിട്ടെങ്കിലും സാർച്ചുവിൽ ഞങ്ങൾ രണ്ടു പേർക്കും രാത്രി ഉറങ്ങാനേ സാധിച്ചില്ല!
പറഞ്ഞറിയ്ക്കാൻ പറ്റാത്ത വൃത്തികെട്ട അനുഭവം! ലാപ്ടോപ്പിൽ സിനിമ കണ്ടു നേരം വെളുപ്പിക്കേണ്ടി വന്നു!!
ആ ചെറിയ അമ്പലം കാണണം എന്നുള്ളവർ “ghost of gata loops” എന്ന് ഗൂഗിൾ ഉപയോഗിച്ച് സെർച്ച് ചെയ്തു നോക്കുക. ഞങ്ങൾക്കു കാണാൻ പറ്റിയില്ല. ഫോട്ടോയും എടുത്തില്ല!
ഇതാണ് ആ ചെറിയ അമ്പലം.
ഈ ഫോട്ടോ എടുത്തത് ഞാൻ അല്ല. (Google നു കടപ്പാട്)

കുറച്ചു ഫോട്ടോസ് താഴെ ചേർക്കുന്നു :

gata loops

Pic 2

Pic 3

Nirvana at Gata loops